Saturday, 5 September 2020

TEACHERS DAY

'അമ്മേ, ആരാണ് ഗുരു?' 

കുറച്ചു കാലം മുമ്പ് രാത്രി ഉറക്കൽ സമയത്ത് കുട്ടിയുടെ ചോദ്യം. പതിവ് പോലെ ആകാംക്ഷയോടെ ഉത്തരം കാത്ത് മൂന്നു ജോഡി കണ്ണുകൾ എന്റെ മുഖത്ത്.

'മനോഹരമായ ചോദ്യം. ഗുരു ആരാണ് എന്നറിയാൻ ആദ്യം ഈശ്വരൻ എന്താണ് എന്നറിയണം. നിൻറെ ഉള്ളിലെ നന്മ, നിൻറെ മാത്രമല്ല,എല്ലാ മനുഷ്യരുടെയും എല്ലാ ജീവജാലങ്ങളുടെയും ഉള്ളിലുള്ള, ആത്മാവിലുള്ള നന്മ- നല്ല ഗുണങ്ങൾ, കഴിവുകൾ ഒക്കെ തന്നെ-  ആണ് ഈശ്വരൻ. ശരിയല്ലേ? ഇനി ആ ഈശ്വരനെ, അതായത് നമ്മുടെ നല്ല ഗുണങ്ങളെ, നമ്മിലുള്ള നന്മയെ, നമ്മുടെ ആത്മാവിനെ, എങ്ങനെ കണ്ടെത്തും? അത് ഒരു അന്വേഷണമാണ്. ആ അന്വേഷണത്തിൽ നമ്മെ കൈ പിടിച്ച് മുമ്പോട്ട് നയിക്കുന്ന ആൾ, ആരായാലും, അതാണ് ഗുരു. അതായത് നമ്മുടെ ഉള്ളിലുള്ള ഈശ്വരനെ കണ്ടെത്താൻ നമ്മളെ സഹായിക്കുന്ന ആളാണ് ഗുരു.' 

ഞാൻ പറഞ്ഞു നിർത്തി. മൂന്നു പേർക്കും ഉത്തരം തൃപ്തിയായി എന്ന് തോന്നുന്നു. പിന്നീട് പലതവണ അത് അവർ പരസ്പരം പറയുന്നതും ഉള്ളിൽ ഉറപ്പിക്കുന്നതും കേട്ടിട്ടുണ്ട്.

ഒരു സംശയവുമില്ലാതെ ഇത് എനിക്ക് പറയാൻ സാധിച്ചത് ആത്മാവിനെ തേടിയുള്ള വഴിയിൽ എനിക്ക് വെളിച്ചമേകിക്കൊണ്ടിരിക്കുന്ന ഗുരുക്കന്മാർ അനേകം ഉള്ളത് കൊണ്ടാണ്. അവരിൽ ചിലരെക്കുറിച്ച്...

അമ്പലപ്പുഴ കാക്കാഴം SNVBTS (ഇപ്പോൾ SNVTTI) ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ കുത്തിവെയ്പ്പ് നടത്തിയദിവസം ഇൻജെക്ഷൻ വാങ്ങി ക്ലാസ്സിൽ വന്നിരുന്നതും തല കറങ്ങി. പിന്നെ ഓര്മ വരുമ്പോൾ കുട്ടിത്തടിച്ചിയായ എന്നെയും എടുത്തു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് ആഞ്ഞു നടക്കുകയാണ് തുളസിക്കതിരു പോലെ മെലിഞ്ഞ മീനാക്ഷി ടീച്ചർ. എന്റെ ഭാരം കൊണ്ട് ടീച്ചർ കിതക്കുന്നുണ്ടാരുന്നു. പക്ഷെ ആ സ്നേഹവും കരുതലും ഇപ്പോഴും ഓർമയിലുണ്ട്. ടീച്ചറും കൂടെ അന്ന് പഠിപ്പിച്ചിരുന്ന മറ്റു ടീച്ചർമാരും എനിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നറിയാൻ വൈകിട്ട് വീട്ടിൽ വരികയും ചെയ്തു. അതിനു ശേഷം എൻ്റെ അച്ഛനമ്മമാരുമായി ആ അധ്യാപകർക്ക് ദീർഘകാലം സൗഹൃദമുണ്ടാകാനും ആ സംഭവം കാരണമായി.

എവിടെയും ഇപ്പോഴും കുത്തിവരച്ചുകൊണ്ടിരുന്ന എന്നെ രണ്ടാം ക്ലാസ്സിൽ വെച്ച് ശിവൻ സാറാണ് ചിത്രരചനയിലെ ആനന്ദം മനസ്സിലാക്കാൻ ആദ്യം സഹായിച്ചത്. ചിക്കൂസ് എന്ന ഡ്രോയിങ് സ്കൂൾ തുടങ്ങി ചിക്കൂസ് ശിവൻ എന്ന് പിന്നീട് അറിയപ്പെട്ട സാറിൻറെ ശിഷ്യത്വം കുറച്ച് കാലം കിട്ടിയത് അനുഗ്രഹം. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി കലോത്സവത്തിന് കഥയെഴുതാൻ നിർബന്ധിച്ച ആലപ്പുഴ തിരുവമ്പാടി സ്കൂളിലെ ജഗദമ്മ ടീച്ചറാണ് എഴുത്തിന്റെ സാധ്യതകൾ കാണിച്ചു തന്നത്. അന്നും ഇന്നും എഴുതിത്തെളിഞ്ഞിട്ടില്ലെങ്കിലും മനസ്സിൽ തോന്നുന്നതെന്തും വിരലിലൂടെ പുറത്ത് വന്നു കഴിയുമ്പോൾ വളരെയധികം സമാധാനവും സന്തോഷവും  സംതൃപ്തിയും ഒക്കെ കിട്ടും എന്ന് മനസ്സിലാക്കാനായി. ഒറ്റക്കുട്ടിയായ എനിക്ക് എഴുത്ത് സ്ഥിരം ഔട്ട്ലെറ്റ് ആയി.

കടിച്ചാൽ പൊട്ടാത്തതായി ആദ്യം തോന്നിയ 'ധർമ്മരാജാ' പാല്പായസം പോലെ മധുരമാണെന്ന് മനസ്സിലാക്കി തന്നത് ആനന്ദവല്ലി ടീച്ചർ. 'പരന്ന വായനയും  ഉയർന്ന ചിന്തയും മഹത്വമുണ്ടാക്കുന്നു' എന്ന് പറഞ്ഞു തന്ന ടീച്ചർ ഞങ്ങളുടെ ഒരു സംഘത്തെ വായനശാലയിലെ നിത്യ സന്ദർശകരാക്കി.

സ്വയം ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാതെ നിർത്താതെ തമാശ പറഞ്ഞ്, ചിരിച്ചുകൊണ്ട് കണക്കു ചെയ്യാൻ പഠിപ്പിച്ച ഓക്കേ സാറും  ഓർഗാനിക് കെമിസ്ട്രി ഒരു കളി പോലെ ഹൃദ്യമാക്കിയ ഗോപി സാറും (SD കോളേജ്)... ആർക്കിടെക്ച്ചറിൽ എത്തിയപ്പോൾ, അതിർ വരമ്പുകളില്ലാതെ ചിന്തകളെ പറത്തി വിട്ടാൽ നല്ല ഡിസൈൻ ഉണ്ടാകും എന്നും, നമുക്ക് ചെയ്യാനാവുന്ന ഏറ്റവും നല്ല ഡിസൈൻ എത്തുന്നവരെ ഓരോ പ്രൊജക്റ്റും റിവൈസ് ചെയ്യണമെന്നും പഠിപ്പിച്ച  ഒരു പാട് ഗുരുസ്ഥാനീയർ ..

വിദ്യാലയങ്ങളിലും ജോലിസ്ഥലങ്ങളിലും മാത്രമല്ല ഗുരുക്കന്മാർ. അച്ഛനും അമ്മയും വല്യച്ഛനും ഒന്നും പ്രത്യേകിച്ച് പറയേണ്ടതില്ല, പ്രഥമ ഗുരുസ്ഥാനീയർ. ബന്ധുക്കൾ, സുഹൃത്തുക്കൾ,കുട്ടികൾ, വിദ്യാർഥികൾ, പരിചയപ്പെടുന്നവരും അല്ലാത്തവരുമായി ഏതെങ്കിലും രീതിയിൽ അറിവ് പകരുന്ന എല്ലാവരും, അങ്ങനെ നോക്കുമ്പോൾ സകല ചരാചരങ്ങളും നമ്മളെ എന്തൊക്കെ പഠിപ്പിക്കുന്നു. ഈശ്വരനെ അന്വേഷിക്കുന്ന വഴിയിലെ വിളക്കുകൾ- പല അളവിൽ പ്രകാശമേകുന്നവ..മിന്നാമിനുങ്ങ് മുതൽ സൂര്യപ്രകാശം വരെ.

എല്ലാ ഗുരുസ്ഥാനീയർക്കും ഈ അധ്യാപക ദിനത്തിൽ പ്രണാമം. എന്നും അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥന. 


  

No comments:

Post a Comment