Tuesday 23 July 2019

Breastfeeding- some thoughts

സ്വാഭാവികമായി പ്രസവിക്കാനും പാലൂട്ടാനും കഴിവുള്ളവരാണ് ഒരു മിക്ക സ്ത്രീകളും. എന്നാൽ അതിനു കഴിയാത്ത, കൊതിക്കുന്ന, ഒരുപാട് പേരുണ്ട്. പ്രസവിച്ചാലും കുഞ്ഞിന് വയർ നിറയെ കൊടുക്കാൻ പാലില്ലാത്ത ധാരാളം പേരുമുണ്ട്. പ്രകൃതിദത്തമായ മുലപ്പാൽ ഉണ്ടാകാൻ അവർ പലമാർഗ്ഗങ്ങളും ശ്രമിക്കുന്നു- ഉലുവയും മുരിങ്ങയിലയും ഒക്കെ കഴിക്കുന്നു. എന്നാൽ കുഞ്ഞു വലിച്ചു കുടിക്കുമ്പോൾ ആണ് മുലപ്പാൽ ഉണ്ടാകുന്നത് എന്ന് വൈദ്യശാസ്ത്രവും അനുഭവസ്ഥരും പറയും. എത്ര കൂടുതൽ കുട്ടി കുടിക്കുന്നുവോ അത്രയും കൂടുതൽ പാലുണ്ടാകുമത്രേ. അതുകൊണ്ട് പാവം ആ അമ്മമാർ പാവം ആ കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. എന്നാൽ പല കാരണങ്ങളാലും ഇത് എല്ലായ്‌പോഴും ഫലവത്താകണം എന്നില്ല. പാലില്ലാത്ത മുല കുഞ്ഞു പല തവണ വലിച്ചു കുടിക്കും, ഒന്നും കിട്ടില്ല.
അവനു നല്ല വിശപ്പുണ്ട്. വിശന്നു കരഞ്ഞു തളരുന്ന കുഞ്ഞിന് കൊടുക്കാൻ പിന്നെ കുപ്പിയിൽ കൊടുക്കുന്ന പൊടിപ്പാൽ ആണ് ആശ്രയം. അത് കൊടുക്കും. വയർ നിറഞ്ഞ കുഞ്ഞു തൃപ്തനാകും. മുലപ്പാൽ കൊടുക്കുമ്പോളുള്ള അതേ മമതയും സ്നേഹവും ഒക്കെ ഇവിടെയും ഉണ്ട്. പോഷകമൂല്യം കുറവായിരിക്കാം, പക്ഷെ നിവൃത്തി കേടാണ്.
എന്നാൽ premature ആയും മറ്റും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് തുടക്കത്തിലേ പൊടിപ്പാൽ കൊടുക്കുന്നത് അല്പം റിസ്ക് ആണ്. അമ്മക്ക് പാൽ ഇല്ലാത്തപ്പോൾ പിന്നെ ഒരു മാർഗം മറ്റു അമ്മമാരെ ആശ്രയിക്കുകയാണ്. എൻ്റെ കുഞ്ഞു വാവകൾ ജനിച്ച ആദ്യനാളുകളിൽ NICU ൽ കഴിഞ്ഞപ്പോൾ sterilised കുപ്പികളിൽ മുലപ്പാൽ കൊടുക്കാൻ നേഴ്സ് മാർ ആവശ്യപ്പെട്ടു. എന്നാൽ ആ പാൽ കുഞ്ഞുങ്ങൾക്ക് ഒട്ടും മതിയായില്ല, പൊടിപ്പാൽ കുടിക്കാനുള്ള immunity അവർക്കു വന്നിട്ടില്ല എന്നതൊക്കെ കൊണ്ട് NICU ൽ ഉള്ള മറ്റു ചില കുഞ്ഞുങ്ങളുടെ, നിറയെ പാലുള്ള അമ്മമാരുടെ മുലപ്പാൽ കുപ്പിയിലാക്കി അവരുടെ അനുവാദത്തോടെ എന്റെ കുഞ്ഞുങ്ങൾക്കും കൊടുത്തിട്ടുണ്ട്. അതിൽ എനിക്കോ ആ അമ്മമാർക്കോ കൊടുത്ത നഴ്സസ്‌മാർക്കോ ഒരു അപാകതയും തോന്നിയില്ല. അത് സാഹചര്യം ആണ്. അത്തരം സാഹചര്യങ്ങളിൽ ലക്‌ഷ്യം മാത്രമേയുള്ളു. എല്ലാവരും എല്ലാവരെയും മനസിലാക്കുന്നു- അഥവാ അതിനെയൊന്നും പറ്റി ചിന്തിക്കുന്നേയില്ല.
പണ്ട് കാലങ്ങളിൽ രാജ്ഞിമാർ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കാൻ ദാസിമാരെ ഏല്പിക്കാറുണ്ട് എന്ന് 'യയാതി' യിൽ വി.എസ്. ഖാണ്ഡേക്കർ പറയുന്നു. ശരിയാണോ ആവോ..'Even men can breastfeed' എന്ന് ഗൂഗിൾ ൽ പല ബേബി സൈറ്റ് കളും പറയുന്നു. അതും ശരിയാണോ ആവോ! ഏതായാലും ആര് പാല് തരുന്നു എന്നതൊന്നും കുഞ്ഞിന് വലിയ വിഷയമല്ല. അവനു വയർ നിറയണം, ഇല്ലെങ്കിൽ അവൻ അലമുറയിടും.
എന്തായാലും, സ്വന്തം കുഞ്ഞുങ്ങൾക്ക് തൃപ്തിയാകും വരെ പാല് കൊടുക്കാൻ മിക്കവാറും കഴിയാതിരുന്ന അമ്മയായ എനിക്ക്, ചില സമയങ്ങളിൽ എങ്കിലും അല്പമൊക്കെ മുലപ്പാൽ അവർക്ക് കൊടുക്കാൻ സാധിച്ചിരുന്നു. അത് അങ്ങേയറ്റം ആനന്ദകരവും ആയിരുന്നു. ആ ചുരുങ്ങിയ അനുഭവത്തിൽ നിന്ന് എനിക്ക് തോന്നുന്നത് ഒരു അമ്മക്ക് കുഞ്ഞിനെ പാലൂട്ടാൻ പൊതു സ്ഥലത്തോ ജനക്കൂട്ടത്തിലോ എവിടെയും ഒരു സങ്കോചവും തോന്നില്ല എന്നാണ്. എന്തിനാണ് സങ്കോചം? നമ്മുടെ ശരീരത്തെ പറ്റി നമ്മൾ ചിന്തിക്കുമ്പോളാണ് അത് മറ്റുള്ളവർ തുറിച്ചു നോക്കുന്നത് പോലെയുള്ള കാര്യങ്ങൾ നമ്മളെ ബാധിക്കുന്നത്. എന്നാൽ വിശക്കുന്ന വാവയ്ക്ക് പാൽ ചുരത്തുന്ന അമ്മ അവളുടെ ശരീരത്തെ പറ്റി ആലോചിക്കുന്നേയില്ല. അവളുടെ മുമ്പിൽ ആ വാവയുടെ ഓമനമുഖം മാത്രമേയുള്ളു. അവളെ സംബന്ധിച്ച് ലോകത്തിൽ ഏറ്റവും ആകർഷണീയത ആ മുഖത്തിനാണ്. അപ്പോൾ ആരെങ്കിലും പാലൂട്ടുന്നതു നോക്കിയാൽ തന്നെ, അത് തൻറെ പുന്നാര കുഞ്ഞിൻറെ മുഖം നോക്കുന്നതാണ് എന്നേ അവൾക്കു തോന്നുകയുള്ളൂ. മിക്കവാറും അതങ്ങനെ തന്നെ ആണ്. ഏതാനും ദിവസങ്ങളോ മാസങ്ങളോ മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ നോക്കുമ്പോൾ ആ മുഖമല്ലാതെ മറ്റെന്താണ് നോക്കുന്ന ഒരാൾക്ക് കാണാൻ കഴിയുക? എന്നാൽ നോക്കുന്ന ആളുകൾക്ക് (സ്ത്രീകൾക്കുൾപ്പടെ) ചിലപ്പോൾ ആ കാഴ്ച (അനാവശ്യമായ) സങ്കോചം ഉണ്ടാക്കിയേക്കാം എന്ന് മാത്രം. അത് മാറിയാൽ മാത്രം മതി.
പക്ഷെ പാലൂട്ടുന്ന അമ്മ മറ്റൊന്നും അപ്പോൾ അറിയുന്നുണ്ടാവില്ല. ആ കുഞ്ഞു പാല് വലിച്ചു കുടിക്കുമ്പോൾ, വിശപ്പു മാറുന്ന ആ മുഖത്ത് ഉണ്ടാകുന്ന സംതൃപ്തിയുണ്ടല്ലോ, അത് ആ അമ്മയുടെ അഭിമാനമാണ്, അഹങ്കാരമാണ്. ആ നിമിഷം അവളുടെ മാത്രം സ്വന്തമാണ്. അപ്പോൾ ആഹ്ളാദത്തോടെ അവൾ ലോകത്തോട് ചോദിക്കും, "കണ്ടോ, എന്റെ കുഞ്ഞിനെ? ലോകത്തിലെ ഏറ്റവും സുന്ദരമായ ഈ മുഖം കണ്ടോ? ഇവൻ എന്റെ പാല് കുടിച്ചു വയറു നിറച്ചുറങ്ങുന്നത് കണ്ടോ? എന്നെ പോലെ ഭാഗ്യവതിയായി ആരുണ്ട്? ഈശ്വരാ.. ഇതിനു ഞാനെത്ര നന്ദി പറയും?" എന്നാണ്..അല്ലാതെ 'ആരെങ്കിലും എന്നെ തുറിച്ചു നോക്കുന്നുണ്ടോ ഈശ്വരാ..' എന്നല്ല!!

ഉണ്ണികൃഷ്ണൻ യശോദയുടെ മാറിൽ കുഞ്ഞിക്കൈ അടിച്ചു കളിക്കുന്ന വത്സലരംഗം എത്ര മനോഹരം ആയാണ് ചെറുശ്ശേരി അവതരിപ്പിക്കുന്നത്..അതിൽ പാലിന് വലിയ റോൾ ഒന്നുമില്ല. 

അവസാനമായി... ഒരു സ്ത്രീ കുഞ്ഞിനെ പാലൂട്ടിക്കൊണ്ടു Venezuela പ്രസിഡന്റ് നോട് സംസാരിക്കുന്ന ചിത്രം- ഈ ചിത്രത്തെ ഹൃദയഹാരിയാക്കുന്ന ഒന്നാണ്, ആ അമ്മയുടെ കയ്യിൽ ഇരിക്കുന്ന വാവയുടെ ഷൂസ്..

Wednesday 3 July 2019

A morning thought

കഴിഞ്ഞ പാളയത്തിന്റെയും ഇത്തവണ പ്രളയമായേക്കാവുന്ന മാലവെള്ളപ്പാച്ചിലിന്റെയും വിഡിയോകൾ കണ്ടു എന്ത് കൊണ്ട് പവാറും പണവുമുള്ള ഭരണാധിപന്മാർ പ്രകൃതി ദുരന്തങ്ങൾ കുറയ്ക്കാൻ പറ്റുന്ന ത്വരിത കര്മപദ്ധതികൾ ചെയ്യുന്നില്ല എന്നും എന്തുകൊണ്ട് ഞാനും ആറാം നില യുടെ സുരക്ഷിതത്വത്തിൽ നിന്ന് താഴെയിറങ്ങി എന്തെങ്കിലുമൊക്കെ ചെയ്യുന്നില്ല എന്നും ഭാരിച്ച മനസ്സോടെ ആലോചിച്ചുകൊണ്ട് ജനലിലൂടെ പുറത്തു തിമിർത്തു പെയ്യുന്ന മഴയും നോക്കിയിരിക്കുമ്പോഴാണ് അവധി ദിനത്തിന്റെ ആലസ്യനിദ്രയിൽ നിന്നുണർന്ന് രാമൻ വന്നെന്റെ മടിയിൽ ഇരുന്നത്. ആ അമ്മക്കുട്ടനെ ചേർത്തുപിടിച്ചു വീണ്ടും പുറത്തേക്കു നോക്കിയപ്പോൾ ഒരുപാടു അമ്മമാരെ ഓര്മ വന്നു..യുദ്ധങ്ങളിലും പ്രകൃതിദുരന്തങ്ങളിലും രോഗങ്ങളിലും അപകടങ്ങളിലും അകാലത്തിൽ നഷ്ടമാകുന്ന കുരുന്നുകളെ നെഞ്ചിലടക്കി പൂർണ നിസ്സഹായതയിൽ പൊട്ടിക്കരയുന്നവരെ. ഈ നിമിഷത്തിൽ കുഴപ്പങ്ങളൊന്നുമില്ലാതെ ഇവനെ എന്റെ നെഞ്ചിൽ ചേർത്ത എന്റെ ഈശ്വരനോട് നന്ദിയും, ഇനി ഒരാപത്തുമില്ലാതെ ഇവരെ കാത്തുകൊള്ളണമേ എന്ന പ്രാർത്ഥനയുമായി മെല്ലെ കണ്ണടച്ചു.