കഴിഞ്ഞ പാളയത്തിന്റെയും ഇത്തവണ പ്രളയമായേക്കാവുന്ന മാലവെള്ളപ്പാച്ചിലിന്റെയും വിഡിയോകൾ കണ്ടു എന്ത് കൊണ്ട് പവാറും പണവുമുള്ള ഭരണാധിപന്മാർ പ്രകൃതി ദുരന്തങ്ങൾ കുറയ്ക്കാൻ പറ്റുന്ന ത്വരിത കര്മപദ്ധതികൾ ചെയ്യുന്നില്ല എന്നും എന്തുകൊണ്ട് ഞാനും ആറാം നില യുടെ സുരക്ഷിതത്വത്തിൽ നിന്ന് താഴെയിറങ്ങി എന്തെങ്കിലുമൊക്കെ ചെയ്യുന്നില്ല എന്നും ഭാരിച്ച മനസ്സോടെ ആലോചിച്ചുകൊണ്ട് ജനലിലൂടെ പുറത്തു തിമിർത്തു പെയ്യുന്ന മഴയും നോക്കിയിരിക്കുമ്പോഴാണ് അവധി ദിനത്തിന്റെ ആലസ്യനിദ്രയിൽ നിന്നുണർന്ന് രാമൻ വന്നെന്റെ മടിയിൽ ഇരുന്നത്. ആ അമ്മക്കുട്ടനെ ചേർത്തുപിടിച്ചു വീണ്ടും പുറത്തേക്കു നോക്കിയപ്പോൾ ഒരുപാടു അമ്മമാരെ ഓര്മ വന്നു..യുദ്ധങ്ങളിലും പ്രകൃതിദുരന്തങ്ങളിലും രോഗങ്ങളിലും അപകടങ്ങളിലും അകാലത്തിൽ നഷ്ടമാകുന്ന കുരുന്നുകളെ നെഞ്ചിലടക്കി പൂർണ നിസ്സഹായതയിൽ പൊട്ടിക്കരയുന്നവരെ. ഈ നിമിഷത്തിൽ കുഴപ്പങ്ങളൊന്നുമില്ലാതെ ഇവനെ എന്റെ നെഞ്ചിൽ ചേർത്ത എന്റെ ഈശ്വരനോട് നന്ദിയും, ഇനി ഒരാപത്തുമില്ലാതെ ഇവരെ കാത്തുകൊള്ളണമേ എന്ന പ്രാർത്ഥനയുമായി മെല്ലെ കണ്ണടച്ചു.