Sunday 1 March 2020

Reading is injurious to health, he says :)

ഞാൻ രാമനെ കുളിപ്പിക്കുന്നതിനിടയിൽ അവൻ 'ആ ഉ ഔച്ച് ' എന്നൊക്കെ ശബ്ദമുണ്ടാക്കിയപ്പോൾ എവിടെയാണ് മുറിവ് എന്ന് നോക്കി. കയ്യിൽ ചെറിയ മുറിവുണ്ട്. കിട്ടിയ അവസരം പാഴാക്കാതെ ഞാൻ ഗുണദോഷം തുടങ്ങി.
ഞാൻ: നീ ആവശ്യമില്ലാതെ മണ്ണിലും പുല്ലിലും കയ്യിട്ടു കാണും, അതാണ് ചൊറിഞ്ഞു പൊട്ടിയത്. നിന്നോട് പറഞ്ഞിട്ടില്ലേ മണ്ണെടുത്താൽ കൈ കഴുകണമെന്നു?
രാമൻ: അതല്ലമ്മേ..
ഞാൻ: എന്നാൽ കൂട്ടുകാരെ തല്ലിക്കാനും, അവർ തിരിച്ച പിച്ചിയതായിരിക്കും..നിന്നോട് പറഞ്ഞിട്ടില്ലേ വഴക്കിനു പോകരുത് എന്ന്?
രാമൻ: ഇല്ലമ്മേ...
ഞാൻ: എന്നാൽ കത്രികയോ പിന്നോ എടുത്ത് കളിച്ചു കാണും..നിന്നോട് പറഞ്ഞിട്ടില്ലേ കൂർത്ത സാധനങ്ങൾ എടുക്കരുത് എന്ന്?
രാമൻ: ഞാനെടുത്തില്ലമ്മേ..
ഞാൻ: എന്തെങ്കിലും പോക്രിത്തരം കാട്ടിക്കാണും , അല്ലാതെ എങ്ങനെ മുറിഞ്ഞു?
രാമൻ (പറയുന്ന കാര്യം ആലോചിക്കുന്നതിന്റെ തീവ്രശ്രദ്ധയിൽ കൂർത്ത മുഖത്തോടെ): അതമ്മേ ... ഞാനില്ലേ.... ഞാൻ ഇന്ന് പഠിക്കാൻ വേണ്ടി ബുക്ക് ബാഗിൽ നിന്ന് എടുക്കുവായിരുന്നു..ബുക്കിന്റെ സൈഡ് ഒക്കെ എത്ര കൂർത്തതാ..അത് കൊണ്ട് കൈ ഉരഞ്ഞു ...എഴുതാൻ തുടങ്ങിയപ്പോ നോട്ടുബുക്കിന്റെ അറ്റം കൊണ്ടു..അതും കൂർത്തതാണ്..
ഞാൻ: ഓ-ഹോ----
രാമൻ: ഞാൻ ഇപ്പോഴും അമ്മയോട് പറയാറില്ലേ എനിക്ക് പഠിക്കേണ്ട പഠിക്കേണ്ട ന്നു..? ഇപ്പോ കണ്ടോ അപകടം?
ഞാൻ:.............