Tuesday 15 January 2019

Triplets' pet birds

My kids have been asking for a pet for sometime. As we stay in an apartment's sixth floor, we cannot have dogs or cats. We keep promising them that we will have lots of dogs and cats once we move to our own independent house.

Then one day, a few weeks back, on December 10, 2018, I went to the terrace to dry clothes. I found a little lovebird, all frightened and emaciated. I have some experience with pigeons (well, that's a very long story- for another day!), so I brought some water and rice for the bird.


Later I brought him inside in a basket. He was very hungry, and friendly, and came with me happily. Evening when my kids came- well, you should have seen their happiness!! They, especially Raman, sat with the bird, just looking at him and talking to him. We named him Chokkan (First Chakki, thinking it is a she, and then someone told it's male).
We got him a cage, and he happily mingled with us. 






Well, birds are so much like us! That we understood soon enough. See how!
Like all responsible parents, we wanted to find him a partner. And that is how we went to the pet shop, and found just the right Beauty for him. She was a bright yellow lovebird, in a cage with several others, enjoying their company.

At first she was reluctant to come with us, unwilling to give up the attentions of all those suitors, for the inattention of one, as they say. :D However, our Chokkan did attend to her, and he was not one to be rejected. He kept wooing her, and won! ;)







And soon, they were a highly romantic couple! :D



The boy, being more adventurous and more friendly, showed her around the house. They had a taste of the delicacies my kids offered them. 





Then like all other married couples, they also started bickering, little fighting and pouting..




But the fun never dies... And the story goes on...







Wednesday 2 January 2019

Pets coming to our lives, again

 ആലപ്പുഴയിലുള്ള എന്റെവീട് വാടകക്ക് കൊടുക്കാൻ വേണ്ടി അവിടെയുള്ള സാധനങ്ങൾ ഒതുക്കി വെച്ച് കൊണ്ടിരുന്നപ്പോളാണ്  ഒൻപതാം ക്ലാസ്സിലെ ഡയറി കിട്ടിയത്. ഒരു നോട്ടുബുക്ക് ആണ് ഡയറി.  നഷ്ടപ്പെട്ടു എന്നാണ് വിചാരിച്ചിരുന്നത്- ഇല്ല, അച്ഛൻ അത് എപ്പോളോ എടുത്ത് മറ്റു കുറേ ബുക്കുകളോടൊപ്പം സൂക്ഷിച്ചു പെട്ടിയിൽ വെച്ചിരിക്കുന്നു. അതെടുത്തു വെറുതെ കണ്ണോടിച്ചു. പിന്നെ പലപ്പോഴായി മുഴുവൻ വായിച്ചു- 1993 ലെ ഡയറി. എന്തായിരുന്നു ഞാൻ എന്നും എന്തായി മാറി പിന്നീടെന്നും ഓർത്തറിയാൻ കുറച്ചോർമ്മക്കുറിപ്പുകൾ..

സഹോദരങ്ങളില്ലാത്ത ഒറ്റക്കുട്ടിയായ എനിക്ക് കളിയ്ക്കാൻ കൂട്ടില്ലാതെ വീട്ടിലിരിക്കുമ്പോഴും, അച്ഛനുമമ്മയും ചെറിയ വഴക്കുകൾ ഇട്ടു പിണങ്ങുമ്പോൾ സങ്കടവും പേടിയും മനസ്സിൽ നിറയുമ്പോഴും, പുറത്തു പറയാനാവാത്ത പ്രണയങ്ങൾ കുളിരരുവി പോലെ ആരോടെങ്കിലുമൊക്കെ തോന്നിയിരുന്നപ്പോഴും വായിക്കുന്ന പുസ്തകങ്ങളോ കാണുന്ന സിനിമകളോ ചെയ്യുന്ന യാത്രകളോ മനസ്സിനെ തൊട്ടും പിടിച്ചുലച്ചും 'എന്നെക്കുറിച്ചു പറയൂ' എന്നാജ്ഞാപിക്കുമ്പോഴും പിന്നെ ഇടക്കിടെ നുറുങ്ങു കഥകളായോ കവിത പോലെയെന്തോ ആയോ സാഹിത്യം വിരല്തുമ്പിലുന്മാദിക്കുമ്പോഴും അതെല്ലാം എഴുതിക്കൂട്ടി എഴുത്തിൽ ആശ്വാസം കണ്ടു ഞാൻ. എല്ലാം പങ്കുവയ്ക്കാൻ ദൈവം സൃഷ്ടിച്ചു കൂട്ടിത്തന്ന സഹയാത്രികനോട് പോലും മനസ്സിൽ തോന്നുന്ന ചില കാര്യങ്ങളെങ്കിലും നേരിട്ട് പറയുന്നതിനേക്കാൾ എഴുതി അറിയിക്കുമ്പോളായിരുന്നു പൂർണമായി ആശയവിനിമയം നടത്തുന്നതിന്റെ ആത്മസംതൃപ്തി കിട്ടിയിരുന്നത്. അങ്ങനെ കൈവിട്ടു പോകാതെ കൂടെയുള്ള ഇഷ്ടവും ആവശ്യവും ആയിരുന്നു എഴുത്ത്.

ചിത്രം വരയ്ക്കാൻ ഇഷ്ടമുള്ളത് കൊണ്ടാണ് ആർക്കിടെക്ചർ പഠിക്കാൻ പോയത്. പഠിക്കേണ്ട സമയത്തു വരയ്ക്കുന്നു എന്ന് പറഞ്ഞമ്മ വഴക്കു പറയുമ്പോൾ ആരും കാണാതെ ഒളിച്ചു പടങ്ങൾ വരച്ചു കൂട്ടിയിരുന്നു. പ്രാണവായു പോലെ പടം വര..എന്നാൽ എഞ്ചിനീയറിംഗ് കോളേജിൽ രാത്രികൾ ഉറക്കമിളച്ചു സബ്‌മിഷൻ ഡ്രോയിങ്ങുകൾ ചെയ്യുന്നതിനിടയിലെവിടെയോ ആ ചിത്രകാരിയെ നഷ്ടപ്പെട്ടു. ഇപ്പൊ കുട്ടികൾ നിർബന്ധിക്കുമ്പോൾ അവർക്കു വേണ്ടി വരച്ചും കളർ ചെയ്തും കൊടുക്കുന്ന പടങ്ങളൊഴിച്ചാൽ മറ്റൊന്നുമില്ല. കൈവിട്ടുപോയ ഒരിഷ്ടം. ആർക്കിടെക്ചർ പഠനവും പ്രൊഫെഷനും കൊണ്ടുത്തന്ന ഇഷ്ടമാണ് യാത്രകൾ. കുട്ടിക്കാലത്തു യാത്രകൾ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടോ അച്ഛനുമമ്മയും യാത്ര ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ ഒറ്റക്കും കൂട്ടായും ധാരാളം ചെയ്യുന്ന യാത്രകൾ- ചില ഇഷ്ടങ്ങൾ നഷ്ടപ്പെടുമ്പോൾ പുതിയ ചിലത് ഉണ്ടായി വരുന്നു.

അങ്ങനെ ഉണ്ടായി വന്ന ഒരിഷ്ടത്തെക്കുറിച്ചാണ് പറയാൻ വന്നത്. മൃഗങ്ങളെയും പക്ഷികളെയും എല്ലാം എനിക്ക് വളരെ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു പൂച്ചയും പിന്നീട് കുറേക്കാലം ഒരു നായയും ഉണ്ടായിരുന്നു. പിന്നെ വഴിയിലെവിടെയെങ്കിലുമൊക്കെ കാണുന്ന മിണ്ടാപ്രാണികൾ വിശന്നോ അവശതയിലോ ആണെങ്കിൽ അവയെ അവിടെ അങ്ങനെ ഉപേക്ഷിച്ചു പോരാൻ ഒരിക്കലും പറ്റിയിട്ടില്ല. അത് മൃഗങ്ങളുടെ കാര്യം. മൃഗങ്ങളെ സഹായിക്കാൻ എളുപ്പമാണ്, മുറിവേറ്റു കരയുന്ന പട്ടിക്കുട്ടിക്ക് മരുന്ന് വെച്ച് കൊടുക്കാൻ പ്രയാസമില്ല, എന്നാൽ സ്നേഹിക്കാനും സഹായിക്കാനും ചെല്ലുമ്പോൾ  പറന്നകലുന്ന ചില സുഹൃത്തുക്കളുണ്ട്- പക്ഷികൾ. പ്രാവുകളാണ് എന്റെ ജീവിതത്തിലേക്ക് ആദ്യം വന്ന പക്ഷികൾ.

എറണാകുളം ഡി എച് ഗ്രൗണ്ടിൽ രമേഷുമൊത്തു നടക്കാൻ പോയപ്പോഴാണ് കാർ വരുന്ന വഴിയിൽ കുത്തിയിരിക്കുന്ന പ്രാവിനെ ആദ്യം കണ്ടത്. അതിന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. വഴി കാണാതെ വിഷമിക്കുന്ന അതിനെ കുറെ കാക്കകൾ കൊത്താൻ ശ്രമിക്കുന്നു. പക്ഷികളുമായി ഒരു മുൻപരിചയവും ഇല്ലാത്ത ഞാൻ അമ്പരന്ന്, എന്നാൽ സഹായിക്കണം എന്ന ആഗ്രഹവുമായി നിൽക്കുമ്പോൾ രമേഷ് അടുത്ത ഐസ്ക്രീം കടയിൽ നിന്ന് ഒരു ചെറിയ കാർഡ്ബോർഡ് ബോക്സ് കൊണ്ടുവന്ന് അതിനെ ഉള്ളിലാക്കി. വീട്ടിലെത്തി ഗ്രിൽ ഇട്ട വർക്ക്ഏരിയയിൽ തുറന്നു വിട്ടു. അതിനു കാണാൻ പറ്റാത്തതു കൊണ്ട് അധികം പറക്കാൻ കഴിയുമായിരുന്നില്ല. രമേഷ് അതിനെ കയ്യിലിരുത്തി സ്പൂണിൽ പാൽ കൊടുത്തു. അത് കുടിക്കുന്നുണ്ടായിരുന്നു! പക്ഷെ മറ്റൊന്നും- അരിയും മറ്റും- തിന്നില്ല. അന്ന് രാത്രി അങ്ങനെ കഴിഞ്ഞു.

അതൊരു അവധിക്കാലം ആയിരുന്നു. പിറ്റേന്ന് രാവിലെ ഇന്റർനെറ്റ് പരതി ഞാൻ പ്രാവുകളെക്കുറിച്ച് പഠനം തുടങ്ങി. അതിനു പാൽ കൊടുക്കരുത് (പക്ഷികൾ പാൽ കുടിക്കുന്ന ജീവികളല്ല, സസ്തനികൾക്ക് മാത്രമാണ് പാൽ. അത് പക്ഷികൾക്ക് ദഹിക്കില്ല), ധാരാളം വെള്ളം കൊടുക്കണം, അതിന്റെ ഭാരത്തിന്റെ പത്തിലൊന്നു അളവ് ഭക്ഷണം അത് ദിവസം കഴിക്കും, മുതലായ അറിവുകൾ. അതിന്റെ കണ്ണുകളുടെയും മുഖത്തിന്റെയും ലക്ഷണങ്ങൾ ഗൂഗിളിൽ പല രീതിയിൽ അടിച്ചു നോക്കിയപ്പോൾ ഒടുവിൽ അതിന്റെ അസുഖം മനസ്സിലായി. അത് അന്ധതയുള്ള പ്രാവല്ല, അതിന്റെ കണ്ണുകൾക്ക് മുകളിൽ ഒരുതരം വളർച്ച വന്നതാണ്- കാങ്കർ എന്ന് പറയും. അതിനു ചില മരുന്നുകൾ ഉണ്ട്- ആര്യവേപ്പ് തൈലം പോലെ. എന്നാൽ വൈറൽ അണുബാധയായ ഈ അസുഖം രണ്ടാഴ്ച കൊണ്ട് തനിയെ മാറും. ആകെ ചെയ്യാനുള്ളത്- കാത്തിരിക്കുക, അതിനു രണ്ടാഴ്ച ഭക്ഷണം കിട്ടുന്നു എന്നുറപ്പു വരുത്തുക. ഒരു വെറ്റിനറി ഡോക്ടറെ കാണിച്ചു, അവരും അത് തന്നെ പറഞ്ഞു.

അങ്ങനെ കാത്തിരുന്നു. അതിനിടയിൽ ഒരു ഓൺലൈൻ പീജിയൻ ലവേഴ്സ് കമ്മ്യൂണിറ്റിയുടെ മെമ്പർ ആയി ഞാൻ- അവർക്ക് നിത്യേന അപ്ഡേറ്റുകൾ കൊടുത്തു- അവരുടെ നിർദേശങ്ങൾ കേട്ടു. അവരും എന്നോടൊപ്പം കാത്തിരുന്നു അതിന്റെ അസുഖം മാറി കാഴ്ച കിട്ടി അത് പറന്നു പോകുന്നത് കാണാൻ. പക്ഷെ അതിനുള്ള ഭാഗ്യം ഉണ്ടായില്ല- കാങ്കർ കണ്ണിലും മുഖത്തും മാത്രമല്ല, ചിറകിലും കാലിലും ഒക്കെ പടർന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ ആ പക്ഷി പരലോകം പൂകി. പ്രായമായ ശേഷം ആദ്യമായി ഞാൻ അടുത്ത് കാണുന്ന മരണം,

അത് കഴിഞ്ഞ് ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോഴാണ് കോളേജിലെ ലേഡീസ് റൂമിൽ ടോയ്ലറ്റിനുള്ളിൽ വീണ ഒരു പ്രാവിനെ കാണുന്നത്. ഒരു കാൽ വളഞ്ഞു പോയ അതിനെ തൃശ്ശൂരിൽ നിന്ന് എറണാകുളം വരെ ട്രെയിനിൽ ഒരു കാർഡ് ബോർഡ് ബോക്സിൽ കൊണ്ട് പോകാൻ എനിക്ക് ധൈര്യം തന്നത് ഒരു സീനിയർ ടീച്ചർ ആയ ഡോ. ബിനുമോളാണ്. അതിനെ വീട്ടിലെത്തിച്ച ശേഷം കഴിഞ്ഞ തവണ ഉണ്ടായ അബദ്ധങ്ങൾ ഒഴിവാക്കാൻ ആദ്യമേ വെള്ളം കൊടുത്തു, പിന്നെ അരിയും. അത് ഭക്ഷണം കഴിച്ചു, പക്ഷെ പറക്കാനോ നടക്കാനോ പോലും വയ്യാതെ കഷ്ടപ്പെട്ട അതിനെ ഒരു സ്ഥലത്തു ഇരുത്തി, ഞാൻ വീണ്ടും ഇന്റർനെറ്റ് പരതി. എന്റെ സംശയങ്ങൾക്ക് ഫോറത്തിൽ മറുപടി പറഞ്ഞ സിന്ത്യ എന്ന ഇംഗ്ലണ്ടുകാരി പറഞ്ഞതനുസരിച്ച് പ്രാവിന്റെ കാലുകൾ നിവർത്തി അതിനെ നടക്കാൻ സഹായിക്കുന്ന ഒരുതരം പ്ലാസ്റ്റർ ഞാൻ ഇവിടെയുള്ള കടകളിൽ അന്വേഷിച്ചു എങ്കിലും കിട്ടിയില്ല. തുടർന്ന് സിന്ത്യ സ്വന്തം ചെലവിൽ ഇംഗ്ലണ്ടിൽ നിന്ന് ആ പ്ലാസ്റ്റർ അയച്ചു തന്നു, അതും രണ്ടു പ്രാവശ്യം! അങ്ങനെ പ്ലാസ്റ്ററിട്ട കാലുമായി നടന്നും അല്പമൊക്കെ പറന്നും കുറേക്കാലം ആ പ്രാവ് ഞങ്ങളുടെ ഒപ്പം കഴിഞ്ഞു. ഒടുവിൽ അവനും വിട പറഞ്ഞു.

അങ്ങനെ പുതിയതായി ഞാൻ കണ്ടെത്തിയ പക്ഷികൾ എന്ന ആ ഇഷ്ടത്തെക്കുറിച്ച് പറയാൻ ഇനിയുമേറെയുണ്ട്..പക്ഷിനിരീക്ഷണ ക്യാമ്പുകളിൽ പോയത്, ഏറെ സുഹൃത്തുക്കളെ അങ്ങനെ കിട്ടിയത്, നഗരങ്ങളിൽ പക്ഷികൾക്കിഷ്ടമാകുന്ന ഇടങ്ങൾ സൃഷ്ടിക്കുന്നത് മനുഷ്യന് എങ്ങനെ ഗുണപ്രദം ആകുമെന്നും അവ എങ്ങനെ രൂപകൽപന നടത്താമെന്നുമുള്ള ഗവേഷണം പോസ്റ്റ് ഗ്രാജുയേഷന്റെ ഭാഗമായി നടത്തിയത്- അങ്ങനെ പലതും. എന്റെ മുക്കുട്ടികൾ (triplets) പിറന്നു ജീവിതത്തിൽ നിറഞ്ഞപ്പോൾ എന്റെ കുറെയേറെ ഇഷ്ടങ്ങൾ മാറിമറിഞ്ഞു.  സമയമില്ലായ്മ, താല്പര്യമില്ലായ്മ അങ്ങനെ പലതു കൊണ്ടും. കുഞ്ഞുങ്ങളുടെ  കളിചിരികളും ആവശ്യങ്ങളും മുൻ‌തൂക്കം നേടിയപ്പോൾ മറ്റുകാര്യങ്ങൾക്ക് പ്രാധാന്യം കുറഞ്ഞു. വഴിയിൽ ഉപേക്ഷിക്കപ്പെട്ട പൂച്ചകുട്ടിയെയോ പട്ടിക്കുട്ടിയെയോ കണ്ടാൽ അത് എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളും എന്ന് സ്വയം പറഞ്ഞു നടന്നകലാൻ ശീലിച്ചു. പക്ഷെ മുഴുവനായും ആ ഇഷ്ടം എന്നിൽ നിന്ന് പോയിട്ടില്ല എന്ന് മനസ്സിലായത് രണ്ടു മാസം മുമ്പ് എവിടുന്നോ പറന്നു വന്ന് അവശനായി എന്റെ ടെറസിൽ വീണ എ ലവ്ബെർഡിനെ കണ്ടപ്പോളാണ്. ആ കുഞ്ഞു മഞ്ഞക്കിളിയെ ഞാൻ ഒരു ബാസ്കറ്റിൽ എടുത്തു വീട്ടിലേക്ക് കൊണ്ടുവന്നു. സ്‌കൂളിൽ നിന്ന് വന്ന എന്റെ ഏഴുവയസ്സുള്ള ഉണ്ണികൾ സന്തോഷം കൊണ്ട് മതി മറന്നു. അത്ഭുതകരമായ രീതിയിൽ മനുഷ്യരോടിണങ്ങിയ ആ കുഞ്ഞു പക്ഷിയെ ഞങ്ങൾ മുറിയിൽ തുറന്നു വിട്ടു. അവൻ പരക്കുകയും വിളിക്കുമ്പോൾ തിരിച്ച് കയ്യിൽ വന്നിരിക്കുകയും ചെയ്തു. പിന്നെ അവനു ഞങ്ങൾ ഒരു കൂട്ടുകാരിയെ വാങ്ങിക്കൊടുത്തു, മറ്റൊരു മഞ്ഞ പെൺകിളി. അവരുടെ കൂട്ടുകൂടലും ഇണക്കവും ചെറിയ പിണക്കങ്ങളും വഴക്കുകളുമൊക്കെ ഞങ്ങൾ കണ്ടുകൊണ്ടിരുന്നു. ഇപ്പോഴും രണ്ടുകിളികളും ഞങ്ങളോടൊപ്പം കഴിയുന്നു. ഇടക്ക് കുറെ സമയം മുറിയിൽ പറന്നു നടക്കും. ബാക്കി സമയം കൂട്ടിൽ. പുറത്തു വിടാൻ പറ്റില്ല, അവ അതിജീവിക്കില്ല. കണ്ടിടത്തോളം അവർക്കു പോകാൻ താല്പര്യവും ഇല്ല. ഓമനമൃഗങ്ങളോടും പക്ഷികളോടുമുള്ള എന്റെ ഇഷ്ടവും സ്നേഹവും നഷ്ടമായിട്ടില്ല എന്ന് അവരിലൂടെ എനിക്ക് മനസ്സിലാകുന്നു. പ്രകൃതിയും കിളികളും ആ സ്നേഹവും എന്നെ ആനന്ദിപ്പിക്കുന്നു എന്നും.