Thursday, 14 May 2020

Art is finding its way

This post comes after a very long time. I do hope to fill in the gap of about six years, gradually. Meanwhile, this post is about a recent development observed in the kids, now eight plus years old.

Our six seat rectangular dining table of rub-wood with dark brown colour had a table mat of dull grey. I bought the mat a few years back and I have no memory of why I chose that colour. Even though an architect I have not spent much time decorating own house. Recently while the kids were having a meal, Raman put forth the topic. "Mum, we should change the table cloth. When we go to our friends' houses, all of them have colourful table cloths, only we have this dull grey". The suggestion took me back to my own childhood, when I liked everything colourful and flowery. I can still vividly remember a skirt I chose for myself- that had pink and purple grapes, green leaves and dark green vines, yellow and red flowers all in a dark blue background. I would not choose that now, but I loved it then. I also remember the seed packets I bought, just because the covers showed all exotic flowers with lot of colourful petals. Yes, the age when colours matter.
Due to lock-down resulting from Covid-19 contagion, the shops were not open when Raman suggested this. Last week, they started opening the shops, and I and Ramesh went to choose a table cloth. We had also felt that it was high time we changed the mat. So we selected one with a beautiful mat with light orange colour which has big sunflower prints. The kids were very happy and excited to have it, and they took a long, happy time spreading it, and organizing dishes on it. Then they happily chatted about the many design details they would like to have for our new house which we are in the process of designing. Yes, art and architecture are finding their way to the kids' daily chitchats.

Monday, 4 May 2020

Time Restrictions in Ladies Hostels

ലേഡീസ് ഹോസ്റ്റലുകളിൽ സമയനിയന്ത്രണം- ആവശ്യമോ?

അല്പം വിവാദപരമായ ഒരു വിഷയത്തെക്കുറിച്ചാണീ പോസ്റ്റ്. വളർന്നു വരുന്ന പെൺകുട്ടികൾ ഉള്ള അമ്മമാർക്ക് പലതരത്തിലുള്ള വേവലാതികൾ ഉണ്ട്. പലതും വളരെ സങ്കീർണവും ഗൗരവകരവുമാണ്. അതിൽ ഈയിടെ വാർത്താപ്രാധാന്യം നേടിയ ഒരു വിഷയമാണ് ലേഡീസ് ഹോസ്റ്റൽ സമയക്രമം.

തിരുവനന്തപുരം ഗവൺമെൻറ് എൻജിനീറിങ് കോളേജിൽ ലേഡീസ് ഹോസ്റ്റലിൽ അഡ്മിഷൻ കിട്ടി എത്തുമ്പോൾ ആദ്യം തന്നിരുന്ന ഒരു നിയമം ആയിരുന്നു 6.45 നു തിരിച്ചു കയറണം, ഇല്ലെങ്കിൽ ഗ്രിൽ അടക്കും എന്നത്. അന്ന്, ഫസ്റ്റ് ഇയറിൽ അതൊരു ബുദ്ധിമുട്ടായിരുന്നില്ല. പക്ഷെ പിന്നീട് പല കാരണങ്ങൾ കൊണ്ടും ലേറ്റ് ആകുമ്പോൾ- പിറ്റേന്നത്തെ വർക്കിന്‌ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പോകുന്നത് മുതൽ എന്തെങ്കിലും ആവശ്യത്തിന് സിറ്റിയിൽ പോയി തിരിച്ച ബസ് കിട്ടാൻ വൈകുന്നത് വരെ- ഒരു വാശി പോലെ അടഞ്ഞ ഗ്രില്ലും എടുത്താൽ പൊങ്ങാത്ത എന്തോ തെറ്റ് ചെയ്തവളെ എന്ന പോലെയുള്ള നോട്ടങ്ങളും കാണാൻ തുടങ്ങിയപ്പോഴാണ് ആ നിയമത്തിനെ അനിഷ്ടപ്പെട്ടത്. അതിലേറെ, തൊട്ടപ്പുറത്തെ മെൻസ് ഹോസ്റ്റലിനു യാതൊരു സമയപരിധിയും ഇല്ല എന്ന ബോധവും. എന്നാൽ അന്ന് അതൊരു സമരവിഷയമാകാൻ മാത്രം പെൺകുട്ടികൾ സ്വാതന്ത്ര്യബോധമുള്ളവരായിരുന്നില്ല എന്ന് തോന്നുന്നു. അഥവാ ഒറ്റപ്പെടും എന്ന കാരണം കൊണ്ടും ആകാം, ആരും അതിനെതിരെ ശബ്ദിച്ചില്ല.

എന്നാൽ അതേ കോളേജിലെ ഹോസ്റ്റൽ പെൺകുട്ടികൾ കഴിഞ്ഞ വർഷം സമരം നടത്തുകയും ഹോസ്റ്റൽ സമയം 9.30 വരെ ദീർഘിപ്പിച്ചു നേടുകയും ചെയ്തു. ഇതിന്റെ ഓളങ്ങൾ മറ്റു കോളേജുകളിലേക്കും പടർന്നു, പലയിടങ്ങളിലും ഇപ്പോൾ പെൺകുട്ടികൾ സമയദൈർഘ്യം ആവശ്യപ്പെടുന്നു. പാർട്ട് ടൈം ക്ലാസ്സിനും ലൈബ്രറി റെഫർ ചെയ്യാനും മറ്റുമാണ് കുട്ടികൾ ഇതിന്റെ ആവശ്യകതയായി പറയുന്നതെങ്കിലും ഫസ്റ്റ്ഷോ സിനിമ കാണാനും  രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആൺകുട്ടികൾക്കുള്ള അതേ സ്വാതന്ത്ര്യം പെൺകുട്ടികൾക്കും ഉണ്ട് എന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച നിരീക്ഷിക്കുകയുണ്ടായി. കള്ളക്കാരണങ്ങൾ ഉണ്ടാക്കേണ്ട, നിങ്ങൾ ഉള്ളത് പറഞ്ഞു തന്നെ അവകാശം നേടൂ എന്നാവാം.

അന്ന് ആ സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്ന പെൺകുട്ടിയിൽ നിന്ന് പല  കടമ്പകളും കടന്ന് അമ്മയായി. പത്തു വര്ഷം കഴിയുമ്പോൾ എന്റെ മകൾ ഇത്തരം ഒരു ഹോസ്റ്റലിൽ എത്തും. ഇപ്പോൾ എന്റെ നൂറുകണക്കിന് വിദ്യാർത്ഥിനികൾ ഹോസ്റ്റലിൽ ഉണ്ട്. ഒരു ടീച്ചർ, ഒരു അമ്മ, ഒരു സ്ത്രീ, ഒരു പഴയ പെൺകുട്ടി..  ഈ വിഷയത്തിൽ എന്റെ അഭിപ്രായം രൂപപ്പെടുന്നത് ഈ റോളുകളിലൊക്കെ നിന്നുകൊണ്ട് തന്നെയാണ്. ഇത് കേരളത്തിലെ അണ്ടർഗ്രാജുവേറ്റ് കോളേജ് ഹോസ്റ്റലുകളെ പറ്റി മാത്രമുള്ള പോസ്റ്റ് ആണ്.

പെൺകുട്ടികൾ  സന്ധ്യക്ക്‌ ശേഷം പുറത്തിറങ്ങുന്നു എന്ന് പറയുമ്പോൾ ആദ്യം അവരുടെ സുരക്ഷിതത്വത്തെ പറ്റിയാണ് അമ്മമാരുടെ ആശങ്ക. ഓർക്കുമ്പോൾ ഭയാനകമാണ് അവസ്ഥ. എന്നാൽ സമൂഹത്തിൽ പൊതുവെയുള്ള അരക്ഷിതാവസ്ഥയുടെ പ്രതിഫലനം ആണ് ഇവിടെ കാണുന്നത്. സ്ത്രീകൾക്ക്, അവർ ഏതു പ്രായത്തിലുള്ളവരായാലും എന്ത് വസ്ത്രം ധരിച്ചവരായാലും, രാത്രി പുറത്തിറങ്ങി നടന്നാൽ സുരക്ഷ നൽകാൻ നമ്മുടെ സമൂഹത്തിനോ നിയമത്തിനോ ക്രമാസമാധാനപാലകർക്കോ കഴിയുന്നില്ല. അങ്ങനെയുള്ള അവസ്ഥയിൽ നമ്മൾ എന്ത് ചെയ്യും? അടച്ച് അകത്തിരിക്കാം. അബദ്ധത്തിൽ പുറത്തു എന്തെങ്കിലും കാരണവശാൽ പെട്ട് പോകുന്ന പെൺകുട്ടി പിച്ചിച്ചീന്തപ്പെട്ടാൽ അത് അവളുടെ ചീത്തനടപ്പ് എന്ന് എഴുതിത്തള്ളാം. എങ്ങാനും അവൾ രക്ഷപെട്ട് വീട്ടിലെത്തിയാൽ പുറത്തുള്ളവരുടെ മഹാമനസ്കതയായി കാണാം. ഇത്തരം സുരക്ഷ ഒരു കുമിള പോലെയാണ്- അത് ഏതു നിമിഷവും പൊട്ടിപ്പോകാം.

എന്നാൽ പൊതുസ്ഥലങ്ങളിൽ, തീയറ്ററുകളിൽ, ബീച്ചിൽ, തെരുവീഥികളിൽ, കടകളിൽ- സുരക്ഷിതത്വം ഉണ്ടാകണമെങ്കിൽ, ഈ സ്ഥലങ്ങളിൽ സ്ത്രീകൾ പകലും രാത്രിയും സഞ്ചരിച്ചെ പറ്റൂ. പൊതുനിരത്തുകളിൽ വെളിച്ചം വരാനും സ്ത്രീകളുടേതായ അവശ്യ ഇടങ്ങൾ- ടോയ്‍ലെറ്റുകൾ, ഫീഡിങ് റൂമുകൾ മുതലായ സൗകര്യങ്ങൾ- ഉണ്ടാകാനും സ്ത്രീകൾ തന്നെ മുൻകൈ എടുത്താലേ നടക്കൂ. എന്തായാലും, അത് മറ്റൊരു ഫോറത്തിൽ ചർച്ച ചെയ്യപ്പെടേണ്ട കൂടുതൽ ഗൗരവമുള്ള വിഷയമാണ്, അതിലേക്കു പോകുന്നില്ല. പക്ഷെ സുരക്ഷയില്ല എന്ന പേരിൽ പെൺകുട്ടികളുടെ ഹോസ്റ്റലുകൾ നേരത്തെ അടച്ചിട്ടിട്ട് പ്രത്യേകിച്ച് വ്യത്യാസം വരാൻ പോകുന്നില്ല. ഹോസ്റ്റലിൽ വൈകി എത്തിയാൽ മതി എന്ന് പറഞ്ഞ് ഇരുണ്ട തെരുവുകളിലൂടെ ഒറ്റക്ക് സഞ്ചരിച്ച് സ്വയം അപകടത്തിൽ ചെന്ന് ചാടില്ല ആരും. ക്യാമ്പസ്സിനുള്ളിൽ ആവശ്യത്തിന് വെളിച്ചവും സുരക്ഷയും നൽകേണ്ടത് കോളേജിന്റെയും തെരുവിൽ സുരക്ഷ നൽകേണ്ടത് സമൂഹത്തിന്റെയും കടമയാണ്, അത് നൽകുന്നതിന് പകരം പെൺകുട്ടികളുടെ സഞ്ചാര സ്വാതന്ത്ര്യം നശിപ്പിക്കുകയല്ല വേണ്ടത്.

മറ്റൊരു പ്രശ്നമായി പറയുന്നത്, എന്തിനു പെൺകുട്ടികൾ സന്ധ്യക്ക്‌ ശേഷം പുറത്തു പോകണം- ലൈബ്രറിയിലും മറ്റും പോകാനല്ല, സിനിമക്കും മറ്റും പോകാനാണ് അവർ സമയനിയന്ത്രണം മാറ്റാൻ ആവശ്യപ്പെടുന്നത്, അത് അനുവദിക്കേണ്ടതില്ല എന്ന വാദമാണ്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് അത് ആൺകുട്ടികൾക്ക് അനുവദിക്കണം? അവരും പഠിക്കാൻ ഹോസ്റ്റലിൽ നിൽക്കുന്നവരാണ്, എന്ത് കൊണ്ടാണ് അവരുടെ സുരക്ഷയോ അവർ രാത്രി പഠിക്കാതെ സിനിമക്ക് പോകുന്നതോ നമ്മളെ ബാധിക്കാത്തത്? ആൺകുട്ടികളോട് പറഞ്ഞാൽ അവർ ആ നിയന്ത്രണത്തിൽ നിൽക്കില്ല, പെൺകുട്ടികൾ പറഞ്ഞാൽ അനുസരിക്കും. അതുകൊണ്ട് അവർ നിയന്ത്രിക്കപ്പെടുന്നു. കാലം മാറിയെന്നും ഇന്നത്തെ കാലത്ത് അരക്ഷിതത്വം കൂടുതലാണ് എന്നും പറയുന്നു. പണ്ടും ഉണ്ടായിരുന്നു ഇത്തരം നിയന്ത്രണങ്ങൾ. അതുകൊണ്ട് അപ്പോൾ സുരക്ഷിതത്വമല്ല, കാലം നീങ്ങുംതോറും അരക്ഷിതത്വം ആണ് കൂടിയത് എന്ന് ചുരുക്കം. അപ്പോൾ നമുക്കൊന്ന് മാറ്റിപ്പിടിച്ചു നോക്കാൻ സമയമായില്ലേ? നിയന്ത്രണങ്ങൾ നീക്കുന്നതിലൂടെ സുരക്ഷിതത്വം ഉണ്ടാകാൻ സാധ്യതയില്ലേ? സ്വന്തം ചെയ്തികളെപ്പറ്റി സ്വയം ഉത്തരവാദിത്വ ബോധം ഉണ്ടാകാൻ അവരെ സഹായിക്കണ്ടേ, എന്നാലല്ലേ നമ്മൾ കൊടുക്കുന്ന സുരക്ഷയുടെ കുമിളകൾ പൊട്ടിയാലും അവർക്ക് ജീവിക്കാൻ പഠിക്കാൻ പറ്റൂ? പിച്ച വെച്ച് നടക്കുമ്പോൾ കുഞ്ഞു വീഴും എന്ന് പറഞ്ഞ് കുഞ്ഞിനെ നടക്കാതെ സുരക്ഷിതമായി ഇരുത്തുകയല്ലല്ലോ നമ്മൾ ചെയ്യാറ്. വീഴുമ്പോൾ പിടിച്ചെഴുനേൽപ്പിക്കാനും സാരമില്ല എന്നാശ്വസിപ്പിക്കാനും ഇനിയും നടക്കൂ എന്ന് പ്രോത്സാഹിപ്പിക്കാനും നമ്മൾ കാണിച്ച പക്വത- അത് ഇവിടെയും കാണിച്ച് കൂടെ?

പതിനാറു വയസ്സിൽ അവളുടെ കൂടെ പുറത്തു പോകാനും പിന്നെ ഹോസ്റ്റലിൽ അവൾ വൈകി പുറത്തു പോകുമ്പോൾ അത് അമ്മയോടോ അച്ഛനോടോ പറയാനുള്ള അടുപ്പം അവൾക്ക് ഉണ്ടാക്കിയെടുക്കാനും സാധിച്ചാൽ പകുതി വിജയിച്ചു. തെറ്റുകൾ പറ്റുമ്പോൾ തിരുത്താനും അതൊക്കെയുണ്ടാകും, പിച്ച വെക്കുമ്പോൾ വീഴും, എഴുനേറ്റു വീണ്ടും നടക്കൂ, എന്ന് പറയാനും നമുക്ക് പറ്റുന്ന സമയത്ത് പറയുക. അവൾ കുറേക്കൂടി വലുതായി കഴിഞ്ഞ് പെട്ടെന്നൊരു നാൾ എല്ലാ നിയന്ത്രണങ്ങളും മാറി സ്വാതന്ത്ര്യം കിട്ടിയാൽ, എന്ത് ചെയ്യണം എന്നറിയാതെ അവൾ പകച്ചു നിൽക്കും. അപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് കൂടുതൽ ഗുരുതരം. അന്ന് ഒരുപക്ഷെ അവൾക്ക് വേണ്ട പ്രോത്സാഹനവും സപ്പോർട്ടും നൽകാൻ നമ്മൾ ഉണ്ടായി എന്ന് വരില്ല. അതുകൊണ്ട് ഇന്ന് ഇപ്പോൾ അവൾക്കു വേണ്ട മാർഗനിർദേശം നൽകി അവളുടെ പ്രശ്നങ്ങൾ അറിഞ്ഞ അവളോടൊപ്പം നിൽക്കുക. കാലക്രമേണ അവൾ സ്വയം കാര്യങ്ങൾ മനസ്സിലാക്കി യുക്തമായ തീരുമാനങ്ങൾ എടുത്തുകൊള്ളും.

ഈ വിഷയത്തെക്കുറിച്ച് എനിക്കുള്ള ചില അടിസ്ഥാന കാഴ്ചപ്പാടുകൾ മാത്രം കേരളത്തിലെ അമ്മമാരുടെ സമൂഹത്തോട് പങ്കിട്ടതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ പറയൂ, നമുക്ക് എല്ലാവർക്കും ചർച്ച ചെയ്യാം. പെൺകുട്ടികൾ ഉള്ള അമ്മമാർ മാത്രമല്ല, മറ്റുള്ളവർക്കും ഇന്നല്ലെങ്കിൽ നാളെ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ആലോചിക്കേണ്ടി വരുന്ന വിഷയമാണ്. കൂടാതെ കേരളത്തിന് പുറത്തുള്ള ക്യാമ്പസുകളിലെയും, കുറേക്കൂടി നിയന്ത്രണങ്ങളിൽ അയവുള്ള ക്യാമ്പസുകളിലെയും അവസ്ഥ എങ്ങനെയാണ് എന്നും അനുഭവവും പരിചയവും ഉള്ളവർ പങ്കിടൂ. ഏതായിരിക്കും പിന്തുടരാൻ പറ്റിയ ഒരു മാതൃക എന്ന് നമുക്ക് ഒരുമിച്ച് മനസ്സിലാക്കാൻ ശ്രമിക്കാം.