Wednesday, 1 April 2020

Love our kids unconditionally

ഉപാധികളില്ലാതെ കുഞ്ഞിനെ സ്നേഹിക്കാം 

കുട്ടികളെ എങ്ങനെയാണ് ഉപാധികളില്ലാതെ പൂർണമായി സ്നേഹിക്കുക എന്നത് ചില അച്ഛനമ്മമാരെയെങ്കിലും കുഴക്കുന്ന പ്രശ്നമാണ്. "കുട്ടി എന്ത് തെറ്റ് ചെയ്താലും ശിക്ഷിക്കാതെ ഇരിക്കുക എന്നതാണോ സ്നേഹം? അവന്റെ നേട്ടങ്ങളും വിജയങ്ങളും ആഘോഷിക്കലാണോ? മത്സര ഓട്ടത്തിന്റെ ലോകമാണിത്. ഇവിടെ എന്റെ കുട്ടി മാത്രം പിന്നിലായിപ്പോയാൽ അതെനിക്കെങ്ങനെ സഹിക്കാനാവും? അയലത്തെ കുട്ടി കണക്കിന് ഫുൾ മാർക്ക് വാങ്ങുന്നു, എന്റെ ചേട്ടന്റെ മകൾ നൃത്തത്തിൽ സംസ്ഥാനതലത്തിൽ സമ്മാനം വാങ്ങുന്നു, നാത്തൂന്റെ മകൻ ഒൻപതു മാസത്തിൽ പടം വരച്ചു തുടങ്ങി- ഇങ്ങനെ ലോകം പല തരത്തിൽ മുമ്പോട്ട് കുതിക്കുമ്പോൾ എന്റെ കുട്ടി എവിടെയും എത്തുന്നില്ല എന്ന് തോന്നുമ്പോൾ, ഞാൻ അവനെ വഴക്കു പറഞ്ഞു പോകുന്നു..അവനെ അടിക്കുന്നു..കുറ്റപ്പെടുത്തുന്നു. അത് തെറ്റാണോ? അങ്ങനെയല്ലാതെ എങ്ങനെയാണ് അവൻ പുരോഗതി നേടുക? വാശിയോടെ ലോകത്തെ സമീപിച്ച് ജീവിത വിജയം നേടുക? അവന്റെ കയ്യക്ഷരവും അവന്റെ ചേച്ചിയുടെ കയ്യക്ഷരവും നോക്കൂ, അവൾ എത്ര ഭംഗിയായി എഴുതുന്നു! അത് പറഞ്ഞ് താരതമ്യം ചെയ്യുന്നത് നല്ലതല്ല എന്ന് എല്ലാവരും പറയും, പക്ഷെ നല്ല കയ്യക്ഷരമുള്ള ചേച്ചിയെ കുത്തിവരച്ചെഴുതുന്ന അണിയനെക്കാൾ ഞാൻ സ്നേഹിക്കും എന്ന് ബോധ്യപ്പെട്ടാലല്ലേ എന്റെ സ്നേഹം നേടാൻ വേണ്ടി അവൻ നന്നായി എഴുതി തുടങ്ങുകയുള്ളു? ജീവിതത്തിൽ മുമ്പിൽ എത്തിയാലല്ലേ അവൻ സമൂഹത്തിൽ അംഗീകരിക്കപ്പെടൂ? ഒരു പരാജിതനെ ആരും സ്നേഹിക്കുന്നില്ല എന്ന് നമുക്കറിയാമല്ലോ..അവനെ വിജയിപ്പിക്കേണ്ടത് നമ്മളല്ലേ.."

ഇന്നത്തെ കാലത്ത് ഒരു പാട് പേർ ഈ ധർമസങ്കടത്തിൽ പെടുന്നവരാണ്. കുട്ടിയെ ലോകം അംഗീകരിക്കണമെങ്കിൽ മാതാപിതാക്കൾ കർശനമായി അവനെ വളർത്തണം എന്ന പഴയ വിശ്വാസത്തിനും, എന്ത് ചെയ്താലും കുട്ടിയെ അംഗീകരിക്കണം, വഴക്കു പറയരുത് എന്ന ആധുനിക പഠനങ്ങൾക്കും ഇടയിൽ ഉഴറുന്നവർ. എന്നാൽ പ്രശസ്ത മനഃശ്ശാസ്ത്രജ്ഞയും ശിശു വ്യക്തിത്വവികസന വിദഗ്ധയും ആയ ഡോ. പെനിലോപ്പ് ലീച്ച് (Dr. Penelope Leach) ഈ പ്രശ്നത്തെ ഇങ്ങനെ അപഗ്രഥിക്കുന്നു-

കുട്ടികൾ എന്ത് ചെയ്യുന്നു എന്നതും അവർ യഥാർത്ഥത്തിൽ ആരാണ് എന്നതും തമ്മിൽ ഒരു വലിയ അന്തരം ഉണ്ട്. അതുപോലെ തന്നെ, ഒരാൾ ചെയ്യന്ന കാര്യത്തിന് നൽകുന്ന അംഗീകാരവും ആ ആളോടുള്ള സ്നേഹവും തമ്മിലും വലിയ വ്യത്യാസം ഉണ്ട്- ഉണ്ടാവണം. ഒരു കുട്ടി ദേഷ്യം പിടിച്ച് വീടിനുള്ളിൽ സാധനങ്ങൾ വലിച്ചെറിയുക, മറ്റു കുട്ടികളെ ഉപദ്രവിക്കുക, ഭക്ഷണം തള്ളിക്കളയുക മുതലായ അനേകം അനുസരണക്കേടുകളും ദുഃശീലങ്ങളും കാണിക്കുന്നത് ഒട്ടും അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണ്. അത് അവൻ മനസ്സിലാക്കണം, അതുപോലെ തന്നെ നല്ല പെരുമാറ്റവും നല്ല സംസാരവും ചിട്ടയായ ജീവിതം, സമയനിഷ്ഠ, സഹജീവികളോട് കരുണ, സ്നേഹം, വൃത്തി മുതലായവ വളരെയധികം അംഗീകരിക്കപ്പെടും എന്നും അവനറിയണം. ഈ തിരിച്ചറിയലുകളാണ് എങ്ങനെ സമൂഹത്തിൽ നല്ല ഒരു വ്യക്തിയാകാം എന്ന് അവനെ മനസ്സിലാക്കുന്നത്, അത് അവനെ മനസ്സിലാക്കിക്കുന്നത് അച്ഛന്റെയും അമ്മയുടെയും കടമയാണ്. എന്ത് ചെയ്യരുത് എന്നതും മാതാപിതാക്കൾ മനസ്സിലാക്കി കൊടുക്കണം.

എന്നാൽ ജീവിതം എന്നത് നിരന്തരമായ ഒരു മത്സര ഓട്ടമാക്കി മാറ്റരുത്. ആദ്യമായി ഭക്ഷണം തനിയെ കഴിക്കാൻ തുടങ്ങിയത് എന്റെ കുഞ്ഞാണോ അയലത്തെ കുഞ്ഞാണോ എന്നത് പോലെയുള്ള മത്സരം തീർത്തും അനാരോഗ്യകരവും അനാവശ്യവുമാണ്. പെൻസിൽ ശരിക്കു പിടിച്ച് വരക്കാനോ എഴുതാനോ തുടങ്ങാൻ ഓരോ കുഞ്ഞിനും ഓരോ പ്രായമുണ്ട്. അതിനു മുമ്പ് അവനെ നിർബന്ധിക്കരുത്. ബന്ധുവിന്റെ കുഞ്ഞ് നേരത്തെ എഴുതാൻ തുടങ്ങിയിരിക്കാം, എന്നാൽ അതിന്റെ പേരിൽ നിങ്ങൾ എത്ര ശ്രമിച്ചാലും, നിങ്ങളുടെ കുഞ്ഞിന് അത് ആ പ്രായത്തിൽ ചെയ്യാൻ പറ്റണമെന്നില്ല. വെറുതെ നിർബന്ധിക്കുകയും കോപിക്കുകയും താരതമ്യം ചെയ്യുകയും വഴി കുഞ്ഞിനെ നിങ്ങൾ പേടിപ്പിക്കുകയും അസന്തുഷ്ടനാക്കുകയും കാലക്രമേണ ആത്‌മവിശ്വാസം ഇല്ലാത്തവനാക്കുകയും മാത്രമേ ചെയ്യുന്നുള്ളു.

അതെ, ആവശ്യമില്ലാതെ കുട്ടികളെ നിയന്ത്രിക്കുകയും അവരുടെ കാര്യത്തിൽ ഇടപെടുകയും ചെയ്യുന്നത് കുട്ടികളെ അസന്തുഷ്ടരാക്കും. എന്ന് മാത്രമല്ല, അങ്ങനെ ചെയ്യുകവഴി, എന്ത് പരാജയമാണോ നിങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചത്, അതേ പരാജയം ആ കുട്ടി നേരിടാൻ ഇടയാക്കുകയും ചെയ്യും. 'നിനക്ക് പറ്റില്ല ' എന്ന് നിരന്തരം അവനോടു പറഞ്ഞാൽ ഒടുവിൽ അവനതു പറ്റില്ല. എത്ര ശ്രമിച്ചാലും, ആത്മവിശ്വാസം ഇല്ലാത്തതിനാൽ അവൻ പരാജയപ്പെടും.

കുട്ടികൾക്ക് മാതാപിതാക്കൾ മാതൃകകളാകണം,സ്നേഹമുള്ള കൂട്ടുകാരാകണം, ഒരിക്കലും കൈവിടാത്ത താങ്ങും തണലുമാകണം, അവരുടെ സ്വന്തവും സ്വതന്ത്രവും അനന്യവും ആയ വ്യക്തിത്വം വികസിപ്പിച്ചെടുക്കാൻ അവർക്കു വേണ്ട സഹായം നല്കുന്നവരാകണം. ഇത്തരം നിരന്തരമായ കൈത്താങ്ങ് ആണ്  ഉപാധികളില്ലാത്ത  സ്നേഹം - അതാണ് കുട്ടിയുടെ സ്വതഃസിദ്ധമായ സ്വഭാവഗുണങ്ങളെ ഊട്ടിയുറപ്പിച്ച് അഭിമാനമുള്ളവനായി അവനെ വളരാൻ ഇടയാക്കുന്നത്.  ശൈശവകാലത്ത് മുതൽ കുട്ടികൾ സ്വയം കാണുന്നതും സ്വയം അളക്കുന്നതും അവരുടെ പ്രതിച്ഛായ അച്ഛനമ്മമാരുടെ കണ്ണുകളിൽ, മുഖത്തെ പുഞ്ചിരിയിൽ കാണുന്നത് വഴിയാണ്. അവനെക്കുറിച്ചുള്ള അഭിമാനത്തോടെ നിങ്ങൾ പുഞ്ചിരിക്കുമ്പോൾ ശരിക്കും നിങ്ങൾക്ക് അഭിമാനിക്കാൻ പറ്റുന്നവനായി അവൻ വളരുന്നു.ആത്മവിശ്വാസം, ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള കഴിവ്, മറ്റുള്ളവരെ ബഹുമാനിക്കാനും അംഗീകരിക്കാനുമുള്ള മനസ്സ്- ഇതെല്ലാം ആശ്രയിച്ചിരുന്നത് അച്ഛനമ്മമാരാൽ എത്ര സ്നേഹിക്കപ്പെടുന്നു , എത്രയധികം അവന്റെ ജന്മവും ജീവിതവും നിങ്ങളെ ആഹ്‌ളാദിപ്പിക്കുന്നതായി അവൻ മനസിലാക്കുന്നു എന്നിവയിലാണ്.

ഉപാധികളില്ലാതെ ഒരു കുട്ടിയെ സ്നേഹിക്കുക എന്നാൽ, അവൻ എന്തൊക്കെ ചെയ്താലും അവനെ സ്നേഹിക്കുകയാണ്- ഇന്ന് രാവിലെ അവൻ പ്ലേറ്റ് എറിഞ്ഞു പൊട്ടിച്ച ആ ചെയ്തിയെ നിങ്ങൾ എത്രയധികം കുറ്റപ്പെടുത്തിയാലും, അത് ആ ചെയ്തിയെ മാത്രമാണ്, അവൻ എന്ന വ്യക്തിയെ അല്ല, അവൻ എത്ര പ്ലേറ്റ് പൊട്ടിച്ചാലും അവനെ നിങ്ങൾ സ്നേഹിക്കുക തന്നെ ചെയ്യും എന്ന ഉത്തമബോധ്യം അവനുണ്ടാക്കുകയാണ്. അതുകൊണ്ട് തന്നെ അവന് മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്ത് നോക്കാം, അവന്റെ നേട്ടങ്ങളെയും മറ്റുള്ളവരുടെ വിജയങ്ങളെയും താരതമ്യം ചെയ്യാം-ധൈര്യമായി. കാരണം, അവനറിയാം- അവൻ നേടുന്ന ഉയർന്ന മാർക്കോ, കലാപരിപാടിയിലെ വിജയമോ വളരെ നല്ല കാര്യമാണെങ്കിലും, അത് നിങ്ങൾ അവനെ കൂടുതൽ സ്നേഹിക്കാൻ കാരണമാകുന്നില്ല. അവന്റെ പരാജയങ്ങൾ സങ്കടകരമാണെങ്കിലും അത് നിങ്ങൾക്ക് അവനോടുള്ള സ്നേഹത്തെയോ അവനിലുള്ള വിശ്വാസത്തെയോ തരിമ്പും കുറയ്ക്കില്ല.

ഒരു പരാജിതനെ ആരും സ്നേഹിക്കുന്നില്ല എന്ന് നാം ഭയക്കുന്നു. എന്നാൽ നാം മനസ്സിലാക്കേണ്ടത്, 'ഉറ്റവരുടെ സ്നേഹം നഷ്ടപ്പെടും' എന്ന ഭയമാണ് ഒരു പരാജിതനെ സൃഷ്ടിക്കുന്നത്. അതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ പരാജയം. അത് ഒഴിവാക്കാൻ അവന്റെ അച്ഛനമ്മമാർക്കാണ് ഏറ്റവും കഴിയുന്നത്- അവരാണ് വിജയികളെ സൃഷ്ടിക്കുന്നത്.


















No comments:

Post a Comment